flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Tuesday 3 February 2015

               മെട്രിക് മേളയും ക്യാമ്പും

                2014-15 അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എ കേരളം പഠനപരിപോഷണമേഖലയില്‍ എല്‍.പി.വിഭാഗത്തില്‍ മെട്രിക് മേളസംഘടിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ജില്ലയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.കാസറഗോഡ്  ജില്ലയിലെ 3,4 ക്ളാസുകളില്‍ ഗണിതപഠനത്തില്‍ നിലനില്‍ക്കുന്ന ഹാര്‍ഡുസ്പോര്‍ട്ടുകള്‍ പരിഹരിക്കാനുതകുന്ന വിധത്തില്‍ മെട്രിക് അളവുകളെ അനുഭവപരിപാടികളാക്കിമാറ്റി ഞങ്ങളും ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നു.

പ്രസക്തി

ലോകത്തെ ഗണിതപരമായി നോക്കിക്കാണാനും പരിചിതമായ ഒരു കാര്യത്തെ ഗണിതപരമായി വിവരിക്കാനും നിത്യജീവിതത്തിലെ പ്രായോഗികഗണിതപ്രശ്നങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍കഴിയാനും ഗണിതാശയങ്ങള്‍ രൂപീകരിക്കാനും കുട്ടിക്ക് കഴിയേണ്ടതുണ്ട്.നീളം,ഭാരം,കറന്‍സി,ജ്യാമിതി,സമയം തുടങ്ങിയ മെട്രിക് അളവുകള്‍ പരിചയപ്പെടാനും പ്രയോഗിക്കാനും കുട്ടികള്‍ക്കുമുമ്പില്‍ മൂര്‍ത്തമായി അവതരിപ്പിക്കാനുമുള്ള സങ്കേതമൊരുക്കാനും ലളിതമായവയിലൂടെ പ്രയാസമേറിയവയിലേക്ക് എളുപ്പവഴിതുറക്കാനും ഇത്തരം മേളകള്‍ പ്രയോജനകരമാണ്.

മേഖലകള്‍

നീളം,ഭാരം,ഉള്ളളവ്,സമയം

യൂണിറ്റുകള്‍

3rd std..രൂപങ്ങള്‍ ചേരുമ്പോള്‍, നേരവും കാലവും,അളന്നുനോക്കാം,ഭാരം അറിയാം

4th std...ആനയും ഉറുമ്പും,പലതുള്ളിപെരുവെള്ളം,നാം നാടിനും നാട് നമുക്കും,മുത്തശ്ശി പറഞ്ഞതും ഞാന്‍ അറിഞ്ഞതും

മേളയും ക്യാമ്പ് വിലയിരുത്തലും .

 s.r.g യില്‍വിശദമായ ആസൂത്രണം നടത്തി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാവശ്യമായ സാമഗ്രികള്‍ ശില്പശാലയിലൂടെ നിര്‍മ്മിച്ചു.ആകെ15കുട്ടികളായിരുന്നു മേളയുടെ ഗുണഭോക്താക്കള്‍.3,4 ക്ളാസുകളിലെ നിശ്ചിത പാഠഭാഗം പൂര്‍ത്തിയാക്കിയശേഷം3മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മെട്രിക് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.

         ബാഗിനു ഭാരം കൂടുതലാണോ എന്നപ്രവര്‍ത്തനമായിരുന്നു ആദ്യത്തേത്.weighing machine കൊണ്ടുവന്നു കുട്ടിയുടെ ഭാരവുംബാഗിന്റെ ഭാരവും അളന്നെഴുതി.ബാഗില്‍ എന്തൊക്കെ,1kgഎന്താണ്.തൂക്കക്കട്ടികള്‍നിര്‍മ്മാണം,ത്രാസുകള്‍ ക്രമീകരിക്കല്‍,ഊഹിച്ചും അളന്നും എഴുതല്‍,ഗണിതപസിലുകള്‍ എന്നിവയും ഭാരം എന്നയൂണിറ്റിനെ അടിസ്ഥാനമാക്കിചെയ്തു.

ഉള്ളളവ് എന്ന യൂണിറ്റില്‍ അളവുപാത്രങ്ങള്‍ നിര്‍മ്മിച്ചുഅളവു രേഖപ്പെടുത്തി.പരന്നപാത്രങ്ങളും നീളമുള്ള പാത്രങ്ങളും വെള്ളം നിറച്ച് ഏതിലാണ് കൂടുതലെന്ന് ഊഹിച്ചും അളന്നും കണ്ടെത്തി.

നീളം എന്ന യൂനിറ്റിന്റെ ഭാഗമായിമീറ്റര്‍ സ്കെയില്‍,15,30,cmസ്കെയിലുകള്‍ പേപ്പര്‍ സ്ട്രിപ്പിലും സണ്‍പാക്ക് ഷീറ്റിലും നിര്‍മ്മിച്ചു.ഉയരം അളന്നെഴുതി.നിര്‍മ്മാണത്തിലെ പോരായ്മകളും മികവുകളും അവര്‍ സ്വയം വിലയിരുത്തി.ആരോഗ്യക്കാര്‍ഡ് നിര്‍മ്മിച്ചു.ആരോഗ്യകരമായ മികട്ട അന്തരീക്ഷം ഉള്ള വീടുകള്‍ കണ്ടെത്തി.

സമയമെന്ന യൂണിറ്റില്‍ നടത്തിയ ഉപകരണനിര്‍മ്മാണ ശില്പശാല വളരെ താത്പര്യജനകമായിരുന്നു.ഓരോ കുട്ടിയും ഓരോ ക്ളോക്ക് നിര്‍മ്മിച്ചു.ഇതിനായി പേപ്പര്‍പ്ളേറ്റ്,കാര്‍ഡ് ബോര്‍ഡ് കഷണങ്ങള്‍ എന്നിവ ഉപയോഗിച്ചു.2മെട്രിക്ക് ക്ളോക്കുകള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടു.പിറന്നാള്‍ കലണ്ടറില്‍ ആയിഷയുടേത് മികച്ച നിലവാരം പുലര്‍ത്തി.


മെട്രിക്ക് ക്യാമ്പില്‍ മികച്ചബാഡ്ജുകള്‍ നിര്‍മ്മിച്ചവര്‍ക്ക് സ്ഥാനമനുസരിച്ച് ചുവപ്പ്,പച്ച.കറുപ്പ്,മഞ്ഞ എന്നിങ്ങനെ പലനിറത്തിലുള്ളപൊട്ടുകള്‍ ബാഡ്ജില്‍ പതിപ്പിച്ചു നല്‍കി.അതിന്റെ സമ്മാനത്തുക അവര്‍ തന്നെ എണ്ണിയെടുത്തു.10cm നീളവും7cmവീതിയും ഉള്ള പേപ്പറായിരുന്നു നിര്‍ദ്ദേശങ്ങള്‍ക്കായി നല്‍കിയത്.ആ വലുപ്പത്തില്‍ ബാഡ്ജ് നിര്‍മ്മിക്കാനാവശ്യപ്പെടുകയായിരുന്നു.

          ശ്രമകരമായിരിക്കുമെന്നു കരുതിയ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തിലും ആനന്ദകരമായും കുട്ടികള്‍ ഏറ്റെടുത്ത് നടത്തിയപ്പോള്‍ മേളയും ക്യാമ്പും എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമായി.നാലാം ക്ളാസിലെ പ്രീനടീച്ചറുടെയും മൂന്നാം ക്ളാസിലെ സുനിതടീച്ചറുടെയും വിദഗ്ദമായ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കുനല്‍കിയത് നീളം,ഭാരം,ഉള്ളളവ്,സമയം എന്നീ മേഖലകളില്‍ ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത ഒരു അടിത്തറയായിരുന്നു.

Tuesday 20 January 2015

ലോകത്തിലെ ഏറ്റവും വലിയ കൂട്ടയോട്ടത്തില്‍ ഞങ്ങളും

റണ്‍ കേരള റണ്‍....

14ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ ഒരേ മനസ്സോടെ ഓടിയപ്പോള്‍ കേരളം ആതിഥ്യം വഹിക്കുന്ന ദേശീയഗെയിംസിന് ആവേശം പകരാന്‍ വലുപ്പച്ചെറുപ്പമില്ലാതെ ഞങ്ങളും..ഓട്ടമാരംഭിക്കുന്നതിനുമുമ്പ് കുട്ടികള്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തു.പി.ടി.എ അംഗങ്ങളും അദ്ധ്യാപകരും കുട്ടികളും സ്ക്കൂളിനുമുന്പിലെ റോഡിലൂടെ ഈ സംഗമത്തില്‍ പങ്കാളികളായി...

Thursday 1 January 2015

പുത്തനു‌ടുപ്പും പുതിയ തീരുമാനങ്ങളുമായ് വന്നെത്തീ പുതുവര്‍ഷം

സ്വാഗതം ചെയ്യാം പുതുവര്‍ഷത്തെ

          പുതുവര്‍ഷപ്പുലരി മധുരം നുണഞ്ഞുകൊണ്ടായിരുന്നു തുടങ്ങിയത്..അസംബ്ളിയില്‍ ജിലേബി വിതരണം ചെയ്തത് കുട്ടികള്‍ക്ക് നവ്യാനുഭവമായി.തുടര്‍ന്നു നടന്ന ചടങ്ങില്‍ ഹെഡ് മിസ്ട്രസ്സ് എല്ലാവര്‍ക്കും പ്രചോദനമേകുന്നവിധത്തില്‍ സംസാരിച്ചു.ഇന്ന്പുതിയ തീരുമാനങ്ങളെടുക്കാനുള്ള സമയമാണെമ്മും പുതുവര്‍ഷത്തില്‍ നാം പുതിയ ഒരു ജീവിതത്തിന് തുടക്കം കുറിക്കാമെന്നും ആശംസകള്‍ നേര്‍ന്നുകൊണ്ട്  സംസാരിച്ചു.

സൗജന്യയൂനിഫോം വിതരണം

 മുഴുവന്‍കുട്ടികള്‍ക്കും സൗജന്യമായി രണ്ടുസെറ്റ് യൂനിഫോമുകള്‍ വിതരണം ചെയ്തു.കുട്ടികള്‍ക്കു ഏറെ സന്തോഷപ്രദമായ ഈ കര്‍മ്മം നിര്‍വഹിച്ചത് മദര്‍ പി.ടി.എ പ്രസിഡണ്ട് ജമീലയും പി.ടി.എ.വൈസ് പ്രസിഡണ്ട് നസീറയും ആയിരുന്നു.തുടര്‍ന്ന് വര്‍ഷമുത്തശ്ശി എന്ന സംഗീതശില്പം അരങ്ങേറി

വര്‍ഷമുത്തശ്ശി

പുതുവര്‍ഷത്തിന്‍ പൂക്കൂടയുമായി

വരുന്നു പുത്തന്‍ ജനുവരി ഞാന്‍

മാലോകര്‍ക്കെല്ലാം നന്മകളേകാന്‍

 വരുന്നു പുത്തന്‍ ജനുവരി ‍ഞാന്‍

                   ജനുവരി തന്നുടെ പിന്നില്‍ ഞാനും

                   കുഞ്ഞമ്മിണിയാം ഫെബ്രുവരി

                    ഏറ്റം ചെറിയവന്‍ ഞാനാണല്ലോ

                    തിത്തോം തകതോം ഫെബ്രുവരി..

ഇങ്ങനെ 12 മാസങ്ങളുടെയും പ്രാധാന്യങ്ങള്‍ വിവരിക്കുന്ന സംഗീതശില്പത്തില്‍നെഹ്രു,ഗാന്ധിജി,കൃസ്മസ് അപ്പൂപ്പന്‍ എന്നിവരൊക്കെ അണിനിരന്നു..മഴയും വെയിലും മഞ്ഞുമൊക്കെ അവതരിപ്പിക്കപ്പെട്ടു...

Thursday 25 December 2014

ടീച്ചറ...ഒന്നു തൊട്ടോട്ടാ?

മൂന്നു വര്‍ഷത്തെ പഠനത്തിനു ശേഷം മുജീബ് വന്നു...ദേഷ്യവും ഭീതിയും വേദനാജനകമായ ഒരുപാട് ഓര്‍മ്മകളുമായി...ഒപ്പം രണ്ടുപേര്‍ തന്റെ ഉമ്മയും ഇത്താത്തയും.''ഇതെന്റെ മോന്‍.ഇവന്‍ പൊട്ടനാണ്.കഴിഞ്ഞ മൂന്നു വര്‍ഷമായി ഇംഗ്ളീഷ് മീഡിയത്തില്‍ ചേര്‍ത്തിട്ട്..ഒന്നും അറിയില്ല..സ്ക്കൂളില്‍ പോവൂല്ല.പോയാല്‍ തന്നെ എല്ലാവരെയും തല്ലും..അവിടുന്ന് ഇങ്ങോട്ട് പറഞ്ഞുവിട്ടു.ഇവിടെ ചേര്‍ത്താല്‍ പല ആനുകൂല്യങ്ങളും കിട്ടും എന്നാണവര്‍ പറയുന്നത്''.

ഞങ്ങള്‍ ചോദിച്ചു..''എന്തെ നിങ്ങള്‍ക്കും അവര്‍ക്കുമൊക്കെ ഇങ്ങനെ തോന്നാന്‍...?''

''ഇവന്റെ ഇത്താത്തയും ഇച്ചയുമൊക്കെ ഒക്കെ അങ്ങിനെയാണ്..പിന്നെ മൂന്നു കൊല്ലായില്ലെ..ഒരു പെന്‍സിലു പിടിക്കാന്‍ പോലും അറിയില്ല..ചേര്‍ത്താല്‍ തന്നെ ഇവിടെ ഇരിക്കില്ല..ഇവിടെ എല്ലാം ഫ്രീ ആണെന്നു കേട്ടിട്ടുണ്ട് അങ്ങിനെ വന്നതാണ്'' എന്നായിരുന്നു മറുപടി..

ഇത് ഞങ്ങളുടെ സ്ക്കൂളില്‍ വരുന്ന മിക്ക കുട്ടികളുടെയും അമ്മമാരുടെ മനസ്സിലിരുപ്പ്..നിഷ്ക്കളങ്കയായ ഒരമ്മ തുറന്നുപറഞ്ഞുപോയത്...

ഹായ്..മാവേലിയെ കാണാന്‍ എന്തുഭംഗി.....

ഞങ്ങള്‍ക്ക് ഒരു നിധി കിട്ടിയപോലായിരുന്നു അവന്‍..ആദ്യദിവസം മടിച്ചു മടിച്ചു വന്നവന്‍ അടുത്ത ദിവസവും വന്നു.ഒപ്പം ഉമ്മയും..''ടീച്ചറെ ഇവനെ ഉച്ചക്കു വിടണം.ഇവന്‍ ഇരിക്കില്ലാ എന്നു വിചാരിച്ച് ഒരു സ്ഥലത്തു പോകാമെന്നു പറഞ്ഞുപോയി.നാളെ എന്തായ്ലും വിടാന്‍ പറ്റില്ല''.കുട്ടി പറഞ്ഞു.''ഞാന്‍ പോന്നില്ല ടീച്ചറേ..''

ഇവരെല്ലാം എന്റെ പ്രിയകൂട്ടുകാര്‍

           അവന്റെ കണ്ണുകള്‍ നിറയെ കൗതുകമായിരുന്നു.ശോഷിച്ച ശരീരം.ചെമ്പന്‍ തലമുടി.ടീച്ചറുടെ ഓരോ ചലനങ്ങളും അവന് വിശ്വസിക്കാനാവാത്തതുപോലെ.ഒരുദിവസം മുജീബ് ചോദിച്ചു ''ഒന്നു തൊട്ടു നോക്കിക്കോട്ടാ..ടീച്ചറ...''അതുവരെ ടീച്ചര്‍ എന്നാല്‍ ഒരു പേടിപ്പെടുത്തുന്ന സാധനമായാണ് കുട്ടിക്ക് തോന്നിയതെന്ന് മനസ്സിലായി.ടീച്ചര്‍ അവന്റെ വലര്‍ച്ചയുടെ ഓരോ പടവുകളും ''എന്റെ കുട്ടികള്‍''എന്ന പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തി.പരിഹാരങ്ങള്‍ സ്വയം കണ്ടെത്തി.

ടീച്ചരോടൊപ്പം കളിക്കാം

അവന്‍ എല്ലാരോടുമൊപ്പം കൂട്ടുകൂടാന്‍ തുടങ്ങി.കളിക്കാന്‍ തുടങ്ങി.മറ്റുള്ളവരുടെ ബാഗില്‍ നിന്നും സാധനങ്ങള്‍ എടുത്തപ്പോള്‍ അവനെ ശാസിക്കാതെ പറഞ്ഞുമനസ്സിലാക്കി.അതിനുശേഷം ആ ശീലവും നിര്‍ത്തി.ഞങ്ങളൊന്നു പ്രോത്സാഹിപ്പിച്ചാല്‍ അവന്റെ കണ്ണുകള്‍ നിറയും..അംഗീകാരത്തിന്റെ തിളക്കം അവനില്‍ പല മാറ്റങ്ങളും ഉണ്ടാക്കി.

എത്രയെത്രപൂക്കള്‍

ബാക്കിയായപ്രശ്നങ്ങള്‍ വീട്ടുകാര്‍ സൃഷ്ടിക്കുന്നവയായിരുന്നു.കുട്ടി എഴുതാന്‍ തുടങ്ങിയപ്പോള്‍ ഗൃഹപാഠം കൊടുക്കാന്‍ പറ്റാതായി.എന്തു കൊടുത്താലും അത് ഉമ്മ എഴുതും.‍ നോക്കുന്നതുവരെ അവര്‍ ക്ളാസിനൊരു കോണില്‍ ഒളിച്ചിര്ക്കും.നോക്കിയില്ലെങ്കില്‍ പൊട്ടിത്തെറിക്കും.അവരുടെ പഠനതാത്പര്യം എനിക്കു oമനസ്സിലായി.അങ്ങിനെ അവര്‍ക്കെഴുതാനായി ആ പുസ്തകം മാറ്റിവച്ചു..കുട്ടിയുടെ പുസ്തകം ക്ളാസില്‍ സൂക്ഷിച്ചു..തന്റെ വളരുന്ന അക്ഷരപുസ്തകത്തില്ലും ബോര്‍ഡിലും ഭിത്തിയിലും അവന്‍ വരച്ചിട്ടു..

എനിക്കും വാക്കുകള്‍ ഉണ്ടാക്കാനറിയാം

പല അക്ഷരങ്ങളും ക്ളാസിന്റെ ചുമരുകളില്‍ നിന്ന് അവന്‍ വായിക്കുന്നു.15അക്ഷരങ്ങളോളം എഴുതിയും കാണിക്കുന്നു.സ്ക്കൂളിലെ എല്ലാ പരിപാടികളിലും അവന്റെ സാന്നിദ്ധ്യം ഉണ്ടായി.കുട്ടിയോടൊപ്പം വരുന്ന 2പേരും പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു..ഈ അന്തരീക്ഷത്തില്‍ നിന്നും അവനെ രക്ഷിക്കാന്‍ കുറച്ചു ബുദ്ധിമുട്ടു തന്നെ..

ഞാന്‍ അടുത്ത കൊല്ലം ഒരു ചാച്ചാജിയൊ നെഹ്റുജിയൊ ഒക്കെ ആവും


ആടുകളെ അവിടെ നില്ക്കൂ .....ഒരുമിച്ചു പോകാം

നന്നായി കാരംസ് കളിക്കാന്‍ അവനറിയാം..പരീക്ഷക്ക് വന്ന ഒരു ചോദ്യത്തിന്റെ ഉത്തരം ഉള്ള ഒരു വായനാസാമഗ്രി ആരും കാണാതെടുത്ത് തന്റെ കസേരക്കുപിറകില്‍ ഒളിച്ചുവച്ചെഴുതുന്നതു കണ്ടപ്പോള്‍ ചിരി വന്നുപോയി.




പരീക്ഷയൊക്കെ ഈ..സി

ഇവനെ ഏതു വിഭാഗത്തില്‍ പെടുത്താം..ഇവന്‍ ഇത്രയും വര്‍ഷം എങ്ങിനെ ജിവിച്ചു...ഇവന്റെ സ്വാതന്ത്ര്യം എങ്ങിനെ കുഴിച്ചുമൂടപ്പെട്ടു..ആരാണിതിനുത്തരവാദികള്‍...ഇവനൊരു സാധാരണ കുട്ടി..കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ഇവനെ ആരും കണ്ടില്ല...ഇങ്ങനെ എത്രയെത്രകുട്ടികള്‍ ഉണ്ടാവും നമുക്കു ചുറ്റും

Friday 19 December 2014

എം.മുകുന്ദനില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി

               കണ്ണൂര്‍ പാലയാട്ഡയറ്റ് അധ്യാപകര്‍ക്കായി നടത്തിയ രചനാമത്സരത്തില്‍ ഈ വിദ്യാലയത്തിലെ അനുപമടീച്ചര്‍ക്കു സമ്മാനം ലഭിച്ചിരിക്കുന്നു.എം മുകുന്ദന്റെ പ്രവാസനോവലുകളായ ഡല്‍ഹി,ഡല്‍ഹിഗാഥകള്‍,പ്രവാസം എന്നിവയായിരുന്നു ആസ്വാദനം നടത്താന്‍ നല്കപ്പെട്ടത്.ഇതില്‍'ഇല്ലായ്മകളിലെ രാഷ്ട്രീയം'എന്ന പേരില്‍ ഡല്‍ഹിഗാഥകള്‍ എന്ന നോവലിന്റെ ആസ്വാദനമാണ് ടീച്ചര്‍ തയ്യാറാക്കിയത്.18/12/2014 നു പാലയാട് ഡയറ്റില്‍ വച്ചു നടന്ന സെമിനാര്‍,സംവാദം എന്നിവയില്‍ പങ്കെടുത്ത ശേഷം നോവലിസ്റ്റ് എം മുകുന്ദന്റെ കയ്യില്‍ നിന്നാണ് സമ്മാനം ഏറ്റുവാങ്ങിയത്.14ഓളം അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്കപ്പെട്ടു.ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാല്‍ശ്രീ.സി.എം.ബാലകൃഷ്ണന്‍ മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഡയറ്റ് സീനീയര്‍ ലക്ച്ചറര്‍ പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.ഇ.പി.രാജഗോപാലന്‍മാസ്റ്റര്‍ വിഷയമവതരിപ്പിച്ചുസംസാരിച്ചു.കളനാട് ഓള്‍ഡ് സ്ക്കൂളിലെ ബ്ളോഗറാണ് അനുപമടീച്ചര്‍.